Wednesday, November 25, 2026

കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന; വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ

ദില്ലി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗവുമായ കനയ്യ കുമാറിന്റെ കോണ്‍ഗ്രസ്സ് മാറ്റത്തോട് പ്രതികരിച്ച്‌ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. കനയ്യ കുമാറിന്റെ നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ.എന്‍.യു സമരം ആരംഭിച്ചത്. സെപ്തംബര്‍ ആദ്യം ചേര്‍ന്ന സി.പി.ഐ ദേശീയ യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും കനയ്യ ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി.രാജ പറഞ്ഞു. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി എന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

അതേസമയം കോണ്‍​ഗ്രസില്‍ ചേരുന്നതിനായി കനയ്യകുമാര്‍ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നു. കനയ്യ കുമാറിനെയും ജി​ഗ്നേഷ് മെവാനിയേയും കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി അം​ഗത്വം നല്‍കി സ്വീകരിക്കും.

Related Articles

Latest Articles