കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ 1.38 നാണ് സംഭവം. അക്രമികൾ കാര്യാലയത്തിന്റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോംബെറിയുന്നത് ആരാണെന്ന് വ്യക്തമല്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ മുഴുവനായും തകർന്നു. ആളപായമില്ല. ബോംബേറിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ സിപിഎം ആണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെയും ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുൻപ് പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് വൻ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാൽ ഇതും മറികടന്നാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടന്നത്. നിലവിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.

