കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഒരു പശുവിന് പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്. ഇത് പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടർ പറഞ്ഞു.
പശുവിന്റെ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പശുവിനെ ദയാവധം നടത്തി. എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ കഴിഞ്ഞ ദിവസം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പശു പ്രദേശത്ത് അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് കണ്ണൂർ ജില്ലയിൽ അജ്ഞാതകാരണങ്ങൾ കൊണ്ടു പേയിളകുന്നത്.

