കോഴിക്കോട് : ഇന്ത്യയിലുടനീളം നിരൂകപ്രശംസ ഏറ്റുവാങ്ങുകയും ബോക്സ്ഓഫീസിൽ വലിയ മുന്നേറ്റം നടത്തുകയും ചെയ്ത കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. സിനിമയിലെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ‘വരാഹരൂപം’ എന്ന പാട്ട് പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ഉപയോഗിച്ചതെന്ന കേസിലാണ് ഋഷഭ് ഷെട്ടി ഹാജരായത് . കേസിൽ ഋഷഭ് ഷെട്ടിക്കും കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂറിനും നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്.
മലയാളത്തിലെ മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടിയെ തുടർന്ന് ഗാനമുൾപ്പെടുത്താതെ സിനിമ കുറച്ചു നാൾ പ്രദർശിപ്പിച്ചിരുന്നു എന്നാൽ പിന്നീട് സുപ്രീം കോടതി ഹൈക്കോടതി നടപടി സ്റ്റേ ചെയ്തതിനെത്തുടർന്ന് ഗാനം വീണ്ടും ഉൾപ്പെടുത്തി.

