കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. കാരട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ടുചെയ്യാനാവില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി. വ്യക്തിഹത്യ ആരോപത്തെത്തുടര്‍ന്നാണ് കൊടുവള്ളി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

യുഡിഎഫ് സ്ഥാനാർഥിക്ക് അപകീർത്തികരമായ വിഡിയോ പ്രദർശിപ്പിച്ച് അവമതിപ്പുണ്ടാക്കിയാണ് 573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്ന് ആരോപിച്ചായിരുന്നു ഹൈക്കോടതിയിലെ ഹർജി. വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി ഉത്തരവാദിയാണെന്നു ഹൈക്കോടതി വിധിച്ചിരുന്നു. മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചതു സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും അനുമതിയോടെയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.

മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ചാണു വിമതനായി മൽസരിക്കാനിറങ്ങിയത്. 2011ൽ ലീഗിലെ വി.എം. ഉമ്മർ 16,552 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടതു സ്വതന്ത്രനായി മൽസരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് അട്ടിമറിജയം നേടിയത്.