ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്താൻ നീക്കവുമായി പത്തനംതിട്ട ജില്ല പൊലീസ് നേതൃത്വം. കുംഭമാസ പൂജകൾക്ക് ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ ശബരിമലയിൽ പൂർണമായ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് ജില്ല പൊലീസ് മേധാവി കളക്റ്റർക്ക് റിപ്പോർട്ട് നൽകി. പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ റിപ്പോർട്ട്.

അതേസമയം ശബരിമല നട വീണ്ടും തുറക്കാനിരിക്കെ കനത്ത സുരക്ഷ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണമേഖല എഡിജിപി അനിൽകാന്തിന്‍റെ നേതൃത്വത്തിൽ 3,000 പൊലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് എബ്രഹാമും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പി.കെ മധു, കോട്ടയം എസ്പി ഹരിശങ്കർ, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്പി വി.അജിത് എന്നിവരും സംഘത്തിലുണ്ടാകും.

ശബരിമല നട തുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനത്തിന് എത്തിയേക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം അതിരു കടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഏതാനും യുവതികൾ ശബരിമലയിലെത്തുകയും അവർക്കെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.