കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസില്‍ രണ്ട് പേർ കൂടി പിടിയില്‍. മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂര്‍ സ്വദേശി അസ്‌കര്‍ ബാബു, അമീര്‍ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
കേസില്‍ ഇന്നലെയും രണ്ട് പേര്‍ പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെയാണ് ഇന്നലെ പിടിയിലായത്. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് അറസ്റ്റിലായത്.
കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണിവർ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇടപാട് നടത്താറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായും സൂചനയുണ്ട്.
അതേസമയം കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ ശക്തമാകാൻ കസ്റ്റംസ്. നിലവിൽ കേസിൽ കാര്യമായ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല എന്ന വിമർശനം കസ്റ്റംസ് നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം. കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിക്കുകയും മറ്റുള്ളവരുടെ പങ്കുകൂടി വ്യക്തമാകുന്ന രീതിയിൽ തെളിവുകൾ കണ്ടെത്തുകയും ചെയ്താൽ മാത്രമേ കരിപ്പൂർ കേസിൽ കസ്റ്റംസിന് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ.

