Wednesday, January 7, 2026

‘അടുത്ത കോണ്‍ഗ്രസ് മുക്ത സംസ്ഥാനം കര്‍ണാടക’: പാർട്ടി എല്ലായിടത്തും മുങ്ങിത്താഴുകയാണെന്ന് പരിഹസിച്ച് ബസവരാജ് ബൊമ്മെ

ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ എവിടെയും സ്ഥാനം ലഭിക്കാതെ കടുത്ത പരാജയം നേരിട്ട കോണ്‍ഗ്രസിനെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണെന്നും, അടുത്തതായി കോണ്‍ഗ്രസ് മുക്തമാകാന്‍ പോകുന്ന സംസ്ഥാനം കര്‍ണാടകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. കോണ്‍ഗ്രസ് കര്‍ണാടകയിലടക്കം എല്ലായിടത്തും മുങ്ങിത്താഴും.

മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാര്‍ട്ടി ഘടകത്തിന്റെ ഉത്തരവാദിത്തം വര്‍ധിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും, സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ ശക്തമാകുമെന്നും ബസവരാജ് പറഞ്ഞു.

അതേസമയം ഇത് സാധാരണക്കാരന്റെ വിജയമാണ്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ജനങ്ങള്‍ വിശ്വസിച്ചു എന്നതിന് തെളിവാണ് ഫലങ്ങള്‍. കിസാന്‍ സമ്മാന്‍, ആത്മനിര്‍ബാര്‍, ഉജ്വല തുടങ്ങി ഏഴുവര്‍ഷത്തെ മോദിയുടെ പരിപാടികള്‍ ജനങ്ങളിലേക്കെത്തി. ഈ സംരംഭങ്ങളില്‍ നിന്ന് പ്രയോജനം നേടിയ ആളുകള്‍ ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles