Wednesday, October 21, 2026

കർണ്ണാടക തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ കെ ജെ ജോർജ്ജ് ഇത്തവണ പരാജയമറിയും? ജോർജ്ജിനെ അട്ടിമറിക്കാൻ തോമസ് ചെറിയാനെ പരീക്ഷിക്കാനൊരുങ്ങി ബിജെപി

ബംഗളുരു: സർവജ്ഞ നഗർ നിയോജക മണ്ഡലത്തിൽ അപരാജിതനായി തുടരുന്ന കോൺഗ്രസ്‌ നേതാവും മലയാളിയും മുൻ മന്ത്രിയുമായ കെ ജെ ജോർജിനെ ഇത്തവണ തറപറ്റിക്കാനൊരുങ്ങി ബിജെപി. വികസനത്തിൽ ഏറെ പിന്നിലായ മണ്ഡലത്തിൽ ജോർജ് വിരുദ്ധ വികാരം ശക്തമാണ്. ജോർജിനെതിരെ തോമസ് ചെറിയാൻ നീലിയാറിനെ മണ്ഡലം പിടിക്കാൻ ബിജെപി രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. ബഗളുരുവിലെ ഏറ്റവും വലിയ ധനികനും വ്യവസായിയുമാണ് സിറ്റിംഗ് എം എൽ എ കെ ജെ ജോർജ്. വമ്പൻ ഐ ടി പാർക്കും റിയൽ എസ്റ്റേറ്റ് കമ്പനികളും അദ്ദേഹത്തിന്റെതായുണ്ട്. പക്ഷെ വർഷങ്ങളായി അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലമായ സർവജ്ഞ നഗർ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നോക്കാവസ്ഥയിലാണ്. ജോർജ് മണ്ഡലത്തെ അവസാനിക്കുന്നുവെന്ന അഭിപ്രായം ശക്തമാണ്.

ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായത്തിനാൽ ജോർജ് സ്ഥിരമായി അവിടെ നിന്ന് മത്സരിച്ച് നയിക്കുന്നു. എന്നാൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി തോമസ് ചെറിയാൻ എത്തുന്നത്തോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറും. നിയമ ബിരുദധാരിയും സാമ്പത്തിക വിദഗ്ധനുമാണ് തോമസ് ചെറിയാൻ. യദിയൂരപ്പ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളുമായുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്.

മണ്ഡലത്തിലെ വികസന രാഹിത്യം ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കും. പല നിയോജക മണ്ഡലങ്ങളും വികസനത്തിൽ മുന്നേറുമ്പോൾ സർവജ്ഞ നഗർ പിന്നിലാണ്. പ്രധാന കാരണമായി വോട്ടർമാർ ചൂണ്ടിക്കാട്ടുന്നത് സിറ്റിംഗ് എം എൽ എ കെ ജെ ജോർജ് സ്ഥലവാസിയല്ല എന്നതാണ്. അതുകൊണ്ടുതന്നെ തോമസ് ചെറിയാന് മണ്ഡലത്തിൽ പിന്തുണയേറുകയാണ്. മാത്രമല്ല ജോർജിന് വ്യാപാര താൽപ്പര്യങ്ങൾ മാത്രമാണുള്ളതെന്നും വിമർശനം ഉയരുന്നുണ്ട്.

Related Articles

Latest Articles