കർണാടക: ഹിജാബില്ലാതെ എസ്എസ്എൽസി പരീക്ഷ എഴുതാൻ തീരുമാനിച്ച് മുസ്ലിം പെൺകുട്ടികൾ.
കർണാടകയിൽ 10ാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ച് ഹാജരാകാൻ ആഗ്രഹിച്ച ഏതാനും മുസ്ലീം പെൺകുട്ടികളെ അടുത്തിടെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പ്രവേശനം നിക്ഷേധിക്കുകയായിരുന്നു. എന്നാൽ മുസ്ലീം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹിജാബ് ഇല്ലാതെ പരീക്ഷ എഴുതാൻ തീരുമാനിച്ചു. പരീക്ഷ ഹാളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിനേക്കാൾ പരീക്ഷയാണ് പ്രധാനമെന്നാണ് ഇവരുടെ വാക്കുകൾ.
ഹുബ്ബള്ളി ജില്ലയിലെ ഒരു സ്‌കൂളിലെ പരീക്ഷാകേന്ദ്രം അധികൃതർ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ മുസ്ലീം പെൺകുട്ടികളെ തിരിച്ചയച്ചു. ബാഗൽകോട്ട് ജില്ലയിലെ ഇൽകൽ പട്ടണത്തിലെ ഒരു സർക്കാർ സ്‌കൂളിൽ എസ്എസ്എൽസി ബോർഡ് പരീക്ഷയെഴുതാൻ മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതിന് സമാനമായ സംഭവം ഉണ്ടായി. ബംഗളൂരുവിൽ ഹിജാബ് ധരിച്ച് ഡ്യൂട്ടിയിൽ എത്തിയ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് അടുത്തിടെ ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നും എല്ലാവരും ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നും വിധിച്ചിരുന്നു. എല്ലാവരും ഹൈക്കോടതി വിധി പാലിക്കണമെന്നും അല്ലാത്തപക്ഷം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
കർണാടക എസ്എസ്എൽസി പരീക്ഷയ്‌ക്ക് 8.6 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്‌സാമിനേഷൻ ബോർഡിന്റെ (കെഎസ്ഇഇബി) കണക്കനുസരിച്ച് 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്‌ക്ക് എൻറോൾ ചെയ്തിരുന്നുവെങ്കിലും 20,994 വിദ്യാർത്ഥികൾ ഹാജരായില്ല. കഴിഞ്ഞ വർഷം 3769 പേർ മാത്രമാണ് ഹാജരാകാതിരുന്നത്. കഴിഞ്ഞ വർഷം 99.54 ശതമാനമായിരുന്ന ഹാജർ നില ഈ വർഷം 97.59 ശതമാനമായി കുറഞ്ഞു.

