Friday, May 3, 2024
spot_img

തൃക്കാർത്തികയുടെ ദീപപ്രഭയിൽ ആയിരങ്ങൾ പൗർണ്ണമി തൊഴുത് സായൂജ്യം നേടി; കാർത്തികയും പൗർണ്ണമിയും ഒത്തുചേർന്ന പുണ്യദിനത്തിൽ തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിൽ വിശേഷാൽ പൂജയും ചടങ്ങുകളും; ദേവീമന്ത്ര മുഖരിത അന്തരീക്ഷത്തിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: പൗർണ്ണമിയും വൃശ്ചികത്തിലെ കാർത്തികയും ഒത്തുവരുന്ന അതിവിശേഷ ദിനമായിരുന്നു ഇന്നലെ. കാർത്തിക വിളക്ക് തെളിയിക്കുന്ന ഓരോ ഭവനങ്ങളിലും ദേവീ ചൈതന്യം എത്തുന്ന ദിവസം. പൗർണമി ദിവസം മാത്രം നടതുറക്കുന്ന തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ത്രിപുരസുന്ദരീ ക്ഷേത്രത്തിലും ഇന്നലെ അതിവിശേഷ ദിവസമായിരുന്നു. എല്ലാ പൗർണ്ണമി നാളിലും ആയിരങ്ങളാണ് പൗർണമിക്കാവിലമ്മയെ കണ്ടു തൊഴാനും. അനുഗ്രഹം നേടാനുമായി ക്ഷേത്രത്തിൽ എത്താറുള്ളത്. തൃക്കാർത്തിക ദിവസമായ ഇന്നലെയും അഭൂതാപൂർവ്വമായ ഭക്തജനത്തിരക്കായിരുന്നു. കാർത്തികദീപങ്ങളാൽ ക്ഷേത്രം അണിഞ്ഞൊരുങ്ങി. ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങി നിൽക്കുമ്പോഴാണ് ശ്രീകോവിലിനുള്ളിൽ വിശേഷാൽ പൂജകളും മറ്റ് ചടങ്ങുകളും നടന്നത്.

ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ് പൗർണ്ണമിക്കാവ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലോക കല്യാണത്തിനായി ഇവിടെ പ്രശസ്തമായ പ്രപഞ്ചയാഗം നടന്നത്. ഭാരതത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സന്യാസിമാരും പുരോഹിതന്മാരും യാഗത്തിൽ പങ്കെടുത്തിരുന്നു. പഞ്ചമുഖ ഗണപതിയുടെയും ഹാലാസ്യ ശിവഭഗവാന്റെയും പ്രതിഷ്ഠയുള്ള അത്യപൂർവ്വ ക്ഷേത്രമാണ് പൗർണ്ണമിക്കാവ്. 51 അക്ഷര ദേവതകളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 12 അടിയോളം ഉയരമുള്ള നാഗപ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇന്നലെയും പൗർണ്ണമി തൊഴാനായി വിശിഷ്ഠ വ്യക്തികളടക്കം ആയിരങ്ങൾ ഒഴുകിയെത്തി. അക്ഷരദേവതകളുടെ പ്രതിഷ്ഠയുള്ളതു കൊണ്ടുതന്നെ ധാരാളം കലാകാരന്മാർ ദേവിയുടെ തിരുനടയിൽ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്. പൗർണമി ദിവസമായ ഇന്നലെ ക്ഷേത്ര തിരുമുറ്റത്ത് സംഗീതാർച്ചന നടന്നു. സംഗീതാർച്ചന നടത്തിയ കലാകാരന്മാരെ ക്ഷേത്രഭാരവാഹികൾ ആദരിച്ചു.

Related Articles

Latest Articles