ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. 9.30ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിലവറദീപം തെളിയിക്കും. തുടർന്ന് നടക്കുന്ന ഭക്തജന സംഗമവും ക്ഷേത്രനടയിലെ ദീപപ്രകാശനവും ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അധ്യക്ഷത വഹിക്കും.
പൊങ്കാല വിളംബര ഘോഷയാത്ര തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മുഖ്യാതിഥിയാകും. പഞ്ചായത്ത് അംഗങ്ങളായ ബി. രമേശ് കുമാർ, മണിദാസ് വാസു എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന വിളംബര ഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ഗോകുലം, വൈസ് പ്രസിഡന്റ് പി.കെ. സ്വാമിനാഥൻ, സെക്രട്ടറി എം.വി. രാജീവ്, വോളന്റിയർ ക്യാപ്റ്റൻ കെ.എസ്. ബിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

