ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ ശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയ യുവാവാണ് മരിച്ചത്.
കരൂർ സ്വദേശിയായ കവിൻ എന്ന മുപ്പത്തി രണ്ടുകാരനാണ് അൽപ്പസമയം മുൻപ് മരിച്ചത്. വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട കവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം ദുരന്തത്തിൽ പോലീസ് കൂടുതൽ പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
ദുരിതമനുഭവിക്കുന്നവർക്ക് വിജയ് സഹായം പ്രഖ്യാപിച്ചിട്ടുണ്ട് . മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്നുമാണ് വിജയ്‌യുടെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.

