Tuesday, May 14, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വധഭീഷണി കാരണം ആദ്യ പരാതിക്കാരിലൊരാൾ കുടുംബത്തോടൊപ്പം രാജ്യം വിട്ടു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെ ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണി കാരണം രാജ്യം വിട്ടു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ് (40) സകുടുംബം വിദേശത്തേക്ക് രക്ഷപ്പെട്ടത്.

കരുവന്നൂര്‍ ബാങ്കിലെ മാനേജറായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം 2017-ല്‍ സുജേഷ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി.
ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ചിരുന്നു.

പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തിയിരുന്നു. തുടർന്ന് പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്ന് സുജേഷ് പറഞ്ഞു.

Related Articles

Latest Articles