കൊച്ചി : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി . അടുത്തമാസം എട്ടാം തീയതി കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ 2 തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺഗ്രസ് നടക്കുന്നതും ചൂണ്ടികാട്ടിയതിനെ തുടർന്ന് ഇഡി സാവകാശം അനുവദിക്കുകയായിരുന്നു.
ഏപ്രിൽ 15 നുള്ളിൽ കേസിൽ രണ്ടാംഘട്ട കുറ്റപത്രം നൽകാനാണ് നീക്കം. സിപിഎമ്മിന് കേസിൽ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നത്.കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും അന്വേഷണ ഏജൻസി മുൻപ് ചോദ്യം ചെയ്തിരുന്നു.
കരുവന്നൂർ ബാങ്കുമായുള്ള സിപിഎം.ബന്ധം, സിപിഎം.പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇഡി ഉദ്ദേശിക്കുന്നത്

