Tuesday, May 14, 2024
spot_img

കരുവന്നൂർ നിക്ഷേപ തട്ടിപ്പ് !മുൻ സിപിഎം എംപി പി കെ ബിജുവിന് ഇഡി നോട്ടീസ് ! വ്യാഴാഴ്ച ഹാജരാകാൻ നിർദേശം

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ മുൻ സിപിഎം എംപിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ബിജുവിന് ഇ ഡി നോട്ടീസ്. വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. സിപിഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസംസിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനും ഇഡി നോട്ടീസ് അയച്ചിരുന്നു. നാളെ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി നേരത്തെ കൈമാറിയിരുന്നു. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ അക്കാര്യം ഇവിടെ പാലിക്കപെട്ടിട്ടില്ല

പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ വിതരണം ചെയ്യാനും, കമ്മീഷന്‍ തുക നിക്ഷേപിക്കാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചെന്നും പാര്‍ട്ടി ഫണ്ട്, ലെവി പിരിവ് സംബന്ധമായ കാര്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ നടത്തിയതായും ഉന്നത സിപിഎം നേതാക്കള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെതെങ്കിലും ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളില്‍ ഇല്ലെന്നും ഇഡി വ്യക്തമാക്കുന്നു.

തൃശ്ശൂര്‍ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിനുണ്ട്. എന്നാല്‍ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

ജനപ്രാതിനിധ്യ നിയമവും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകളും അനുസരിച്ച് അക്കൗണ്ട് വിവരങ്ങളും കണക്കുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി വെളിപ്പെടുത്തണം. ഇലക്ട്രൽ ബോണ്ട് വിഷയം നേട്ടത്തോടെ എടുത്തു കാട്ടിയിരുന്ന സിപിഎം രഹസ്യ അക്കൗണ്ടുകളിൽ പ്രതിരോധത്തിലായിരിക്കുകയാണ്.

Related Articles

Latest Articles