കാസർകോട് : ചിത്താരി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി റാഗിങ്ങ് ചെയ്ത സംഭവത്തിൽ പതിനഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ ആറ് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മർദനമേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് കഴിഞ്ഞ തിങ്കളാഴ്ച പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്‌ടു വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു. കണ്ടാലറിയുന്ന പതിനഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ വിദ്യാർത്ഥികൾക്കെതിരെ റാഗിങ് വകുപ്പുകൾ ചേർത്തിട്ടില്ല. സ്കൂളിൽ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹോസ്ദുർഗ് പൊലീസ് അറിയിച്ചു.
പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു മർദനം. അതേസമയം, പ്ലസ്‌ടു വിദ്യാർത്ഥികൾ റാഗിങ്ങെന്ന പേരിൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പാട്ട് പാടിപ്പിച്ചിരുന്നു. ഇതിന് തയാറാകാത്ത വിദ്യാർത്ഥിയെയാണ് ഇവർ ക്രൂരമായി മർദിച്ചത്.

