Tuesday, May 21, 2024
spot_img

ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം; പുല്‍വാമയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പ്രാദേശിക ലഷ്‌കർ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച വൈകിട്ട് അവന്തിപോരയിലെ രാജ്‌പോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് അവന്തിപോര പൊലീസും സി.ആര്‍പി.എഫും നടത്തിയ സംയുക്ത ഓപ്പറേഷനിലായിരുന്നു കൊല്ലപ്പെട്ടത്.

പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സംയുക്ത തിരച്ചില്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് വക്താവ് വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ത്രാലിലെ ഷാഹിദ് അഹമ്മദ് റാഥര്‍, ലഷ്‌കർ ബന്ധമുള്ള ഷോപ്പിയാനിലെ ഉമര്‍ യൂസഫ് എന്നിവരെയാണ് വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുരക്ഷാസേനക്കെതിരായ ആക്രമണങ്ങള്‍, സിവിലിയന്‍ അതിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അരിപ്പാലിലെ ഷക്കീല എന്ന സ്ത്രീയെയും ലുര്‍ഗാം ത്രാലിലെ ജവൈദ് അഹമദ് എന്ന സര്‍ക്കാര്‍ ജീവനക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഷാഹിദിന് പങ്കുണ്ടായിരുന്നു. പ്രാദേശിക യുവാക്കളെ തീവ്രവാദ നിരയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ഷാഹിദ് ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും സുരക്ഷസേന അറിയിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ദക്ഷിണ കശ്മീരിലെ പുല്‍വാമ, അനന്ത്നാഗ് ജില്ലകളിലായി ആറ് ഭീകരരെ വ്യത്യസ്ഥ ഓപ്പറേഷനുകളില്‍ സുരക്ഷസേന വധിച്ചിരുന്നു. മെയ് 28ന് അനന്ത്‌നാഗിലെ ബിജ്‌ബെഹറ ഏരിയയിലെ ഷിതിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി പുല്‍വാമയിലെ ഗുണ്ടിപോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയും ഇവിടെനിന്ന് സൈന്യം പിടികൂടി. ക‍ഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കശ്മീരിലും പരിസര പ്രദേശങ്ങളിലും നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്.

Related Articles

Latest Articles