ശ്രീനഗർ: ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാർക്ക് പോലീസിലെ സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പിന്റെ സംരക്ഷണം നിലച്ചേക്കും. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്കാണ് എസ്എസ്ജി സുരക്ഷ നഷ്ടമാകുക. എസ്എസ്ജിയുടെ അംഗബലം കുറയ്ക്കാൻ ജമ്മു കാഷ്മീർ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്.
സെഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ഫറൂഖ് അബ്ദുള്ളയ്ക്കും ആസാദിനും നിലവിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ്(എൻഎസ്ജി) സംരക്ഷണമുണ്ട്. ഇതു തുടരാനാണു സാധ്യത.
ഒമർ അബ്ദുള്ളയ്ക്കും മെഹ്ബൂബയ്ക്കും ജമ്മു കാഷ്മീരിൽ സെഡ് പ്ലസ് സംരക്ഷണം ലഭിച്ചേക്കും. എന്നാൽ ജമ്മു കാഷ്മീരിനു പുറത്ത് സുരക്ഷ കുറയാനാണു സാധ്യത. ആസാദ് ഒഴികെയുള്ള മൂന്നു പേരും ശ്രീനഗറിലാണു വാസം.ജമ്മുകാഷ്മീർ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ കേന്ദ്രവിജ്ഞാപനത്തോട് അനുബന്ധിച്ചുള്ള സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പ് നിയമഭേദഗതിയിൽ, മുൻ മുഖ്യമന്ത്രിമാർക്ക് എസ്എസ്ജി സംരക്ഷണം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു.
ജമ്മു കാഷ്മീരിലെ ഉന്നതനേതാക്കളുടെ സുരക്ഷാ മേൽനോട്ടം വഹിക്കുന്ന സെക്യൂരിറ്റി റിവ്യൂ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് എസ്എസ്ജിയെ പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ആവശ്യത്തിനുള്ള അംഗങ്ങളെയേ നിലനിർത്തൂ. മുഖ്യമന്ത്രിക്കും അടുത്ത ബന്ധുക്കൾക്കും മാത്രമായിരിക്കും ഇവരുടെ സംരക്ഷണം.

