Saturday, May 4, 2024
spot_img

കശ്മീർ വിഷയം ! പ്രസ്താവന നടത്താൻ വിസമ്മതിച്ച്‌ പാക് സന്ദർശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ്; മാദ്ധ്യമങ്ങൾക്ക് മുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി

ഇസ്​ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാതെ ഇറാൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംയുക്ത പത്രസമ്മേളനം നടത്തിയെങ്കിലും കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്താൻ ഇറാൻ പ്രസിഡന്റ് തയ്യാറായില്ല. പത്ര സമ്മേളനത്തിൽ ഷെഹ്ബാസ് ഷെരീഫ് കശ്മീർ വിഷയം ഉയർത്തിക്കാട്ടുകയും ഇറാന്റെ നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്‍മീർ വിഷയം അവഗണിച്ച റൈസി, ഗാസ വിഷയത്തെ കുറിച്ചാണ് പത്രസമ്മേളനത്തിൽ സംസാരിച്ചത്.

തീവ്രവാദം തുടച്ചുനീക്കുന്നതിനുള്ള സംയോജിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ആശയവിനിമയ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിൽ ഇറാനിയൻ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എട്ട് രേഖകളിൽ ഒപ്പുവച്ചു.‌

ജനുവരിയിൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്തംഭിച്ചിരുന്നു.ടെഹ്‌റാനിലെ പാക് നയതന്ത്രജ്ഞനെ തിരിച്ചുവിളിച്ച പാകിസ്ഥാൻ ഇറാനുമായുള്ള ഇടപെടലുകളും ഏതാനും ആഴ്ചത്തേക്ക് മരവിപ്പിച്ചിരുന്നു ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അൽ അദ്ൽനെ ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഈ ആക്രമണത്തെ ഇന്ത്യ പിന്താങ്ങുകയും ചെയ്തു. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളെ മനസ്സിലാക്കാൻ സാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിച്ചതിനെയും വളരെ സന്തുലിതമായാണ് ഇന്ത്യ കൈകാര്യം ചെയ്തത്.

Related Articles

Latest Articles