Friday, May 3, 2024
spot_img

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി ! പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പു ഹർജി നൽകുകയാണ് വേണ്ടതെന്ന് കോടതി

കൊച്ചി : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പു ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ‍ പോംവഴിയെന്ന് പറഞ്ഞു കൊണ്ടാണ് ഹർജി കോടതി തള്ളിയത്. പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മിഷനും അറിയിച്ചിരുന്നു.

പരാതിയിൽ 2 ദിവസത്തിനകം തീരുമാനം ആവശ്യപ്പെട്ടായിരുന്നു ആവണി ബെൻസാൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചുവെന്നു പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ഹർജിക്കാര്‍ ആരോപിച്ചിരുന്നു.

Related Articles

Latest Articles