ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ഒരു ഓട്ടോമാറ്റിക് ട്രെയിൻ (Train) പ്രൊട്ടക്ഷൻ (എടിപി) സംവിധാനമായ കവചിന്റെ അവസാന പരീക്ഷണവും വിജയകരമായി. സെക്കന്ദരാബാദിലെ സനാഥ്‌നഗര്‍-ശങ്കര്‍ പള്ളി സെക്ഷനില്‍ നടന്ന പരീക്ഷണയാത്രയില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ഏതാനും യാത്രക്കാരും മറ്റൊരു ട്രെയിനിലുമാണ് ഉണ്ടായിരുന്നത്. ഒരേ ട്രാക്കില്‍ പാഞ്ഞുവന്ന രണ്ട് ട്രെയിനുകള്‍ നിശ്ചിത ദൂരപരിധിയില്‍ നില്‍ക്കുകയായിരുന്നു.
ഒരേപാതയില്‍ രണ്ടു തീവണ്ടികള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണ് കവച്. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം. നിശ്ചിത ദൂരപരിധിയില്‍ ഒരേപാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ തീവണ്ടികള്‍ അപകടമൊഴിവാക്കി നിശ്ചിത അകലത്തില്‍ ട്രെയിന്‍ നിര്‍ത്തും. സിഗ്നൽ വഴി പ്രവർത്തിക്കുന്ന കവചിൽ എസ്ഐഎൽ4 സർട്ടിഫൈഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണം 2016 ഫെബ്രുവരിയിലായിരുന്നു. 1098 റൂട്ടുകളിലും 65 ലോക്കോകളിലും ഇതുവരെ കവച് വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ വലിയൊരുമാറ്റത്തിനാണ് പദ്ധതിയിലൂടെ തുടക്കമിടുന്നത്. ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗംവര്‍ധിപ്പിക്കാനും പുതിയ സംവിധാനം വഴി കഴിയും.

