Monday, June 17, 2024
spot_img

കവളപ്പാറ ഉരുള്‍പൊട്ടല്‍: കാണാതായ 11 പേര്‍ക്കായി രണ്ടു ദിവസംകൂടി തിരച്ചില്‍ തുടരും

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ കാണാതായ 11 പേര്‍ക്കായി രണ്ടുദിവസംകൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബന്ധുക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് തിരച്ചില്‍ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ആഗസ്ത് ഒമ്പതിന് തുടങ്ങിയ തിരച്ചിലില്‍ കാണാതായ 59 പേരില്‍ ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹംപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ മണ്ണുമൂടിയ ഭാഗങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തിരച്ചില്‍ തുടരണോ എന്ന ആലോചനയിലായി ജില്ലാ ഭരണകൂടം.

ഇതെത്തുടര്‍ന്നാണ് ഇന്ന് കാണാതായവരുടെ ബന്ധുക്കളെക്കൂടി ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്. കാണാതായ 11 പേര്‍ക്കായി സാധ്യമായ തിരച്ചിലെല്ലാം നടത്തിയെന്ന് ജില്ലാ ഭരണകൂടം യോഗത്തില്‍ അറിയിച്ചു. രണ്ടുദിവസംകൂടി തുടരുന്ന തിരച്ചിലില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതിനിടെ, ഞായറാഴ്ച നടത്തിയ തിരച്ചിലിനിടെ വീണ്ടും പ്രദേശത്ത് ശക്തമായ മഴപെയ്തു. ഇതിന് പിന്നാലെ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി. ഇതെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിനുശേഷം തിരച്ചില്‍ നിര്‍ത്തി. കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തിരച്ചിലിന് പ്രയാസമുണ്ടാവുകയാണ്. തുടര്‍ച്ചയായി ഏതാനും ദിവസങ്ങള്‍ മൃതദേഹങ്ങള്‍ കിട്ടാതെ വന്ന സാഹചര്യത്തില്‍ സമാനസ്വഭാവമുള്ള വയനാട് പുത്തുമലയില്‍ ഇനി കൂടുതല്‍ തിരയേണ്ടെന്ന് കാണാതായവരുടെ ബന്ധുക്കളില്‍ ചിലര്‍ അധികൃതരെ അറിയിച്ചിരുന്നു.

Related Articles

Latest Articles