കഴിഞ്ഞ ദിവസം തിരുവനന്തപുരം സൈബർ ക്രൈം ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയ സനിത് എംഎസ് തട്ടിപ്പ് നടത്തിയത് സിനിമാ കഥകളെ പോലും വെല്ലുന്ന രീതിയിൽ. നിരവധി യുവതികളെയും വീട്ടമ്മമാരെയുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ വില്ലേജിൽ മടവൂർപാറ മണലിവിളാകത്ത് പുത്തൻവീട്ടിൽ സതികുമാർ മകൻ സനിത് എംഎസ് തട്ടിപ്പിന് ഇരയാക്കിയത്. ഒഎൽഎക്സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകിയാണ് ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത്.
സനിത്, ശരത്, മനു, നന്ദു, നിധിൻ എന്നീ പേരുകളിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രധാനമായും മൂന്ന് രീതിയിലാണ് ഇയാൾ സ്ത്രീകളെ ഉപയോഗിച്ചിരുന്നത് – പണം തട്ടിയെടുക്കാനും ലൈംഗിക ബന്ധത്തിനും തന്റെ തട്ടിപ്പിന് സഹായികളായും.

