തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് 240 രൂപയാണ് ഒരു കിലോ ഇറച്ചിയുടെ വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും വിലകൂടാനുള്ള കാരണമായി.
രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയാണ് ചിക്കന് വിലയുണ്ടായിരുന്നത്. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് വില കുറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.
കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകര്‍ പിന്‍വാങ്ങിയതിനാല്‍ തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി.

