Saturday, December 27, 2025

3026 പേര്‍ക്കുകൂടി കോവിഡ്; 2723 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണങ്ങൾ 372 ആയി.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇനി 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 68,863 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിലുള്ള ഹോട്സ്പോട്ടുകളുടെ എണ്ണം 568 ആയി.

Related Articles

Latest Articles