Tuesday, May 21, 2024
spot_img

കനത്ത മഴ: വിവിധ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി ; ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്നു അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. പീച്ചി ഡാമിന്‍റെ തുറന്നിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിന്‍റെ നാലു ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. ഡാമില്‍ നിന്നുള്ള വെള്ളമെത്തിയതോടെ മണലിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. മണലിപ്പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പീച്ചിക്കൊപ്പം വാഴാനി ഡാമില്‍ തുറന്നിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചിമ്മിനി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകള്‍ രാവിലെ തുറന്നു. ജലസേചന വകുപ്പിന്‍റെ കീഴിലുള്ളതാണ് മൂന്നു ഡാമുകളും.

തിരുവനന്തപുരം അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും. ഇപ്പോള്‍ 35 സെ മി ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 50 സെമി ആയി ഉയര്‍ത്തും. കരമനയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് മൂന്നാം തവണയാണ് ഡാമില്‍നിന്ന് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കുന്നത്. നിരൊഴുക്ക് ശക്തമായതാണ് കാരണം. മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്

Related Articles

Latest Articles