Monday, April 29, 2024
spot_img

ഈ മൊബൈൽ ആപ്പുകളെ സൂക്ഷിക്കണം: പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് ഇത്തരത്തിലൊരു അറിയിപ്പുണ്ടായത്. നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച്‌ ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച്‌ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മൈബൈല്‍ ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.

3000 രൂപ വായ്പയായി എടുത്താല്‍ വിവിധ ചാര്‍ജുകള്‍ കഴിച്ച്‌ 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളിന്റെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്‌ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച്‌ ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പില്‍ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാന്‍ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാന്‍ മടിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡി.ജി.പി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Latest Articles