കോഴിക്കോട്/മലപ്പുറം; ദിവസങ്ങൾക്കുശേഷം മഴയ്ക്ക് അല്പം ശമനമുണ്ടായ ഞായറാഴ്ച, മലപ്പുറത്തെയും വയനാട്ടിലെയും ഉരുൾപൊട്ടൽ ദുരന്തമേഖലയിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഞായറാഴ്ച ഇതിനുപുറമേ മലപ്പുറത്ത് ഒരാളും തൃശ്ശൂരിൽ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേർ വീതവും കോട്ടയത്തും ഇടുക്കിയിലും കാസർകോട്ടും ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതോടെ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.
നിലമ്പൂർ പോത്തുകല്ല് കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലുപേരുടെയും മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞു കാണാതായ കുടുംബത്തിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. വെട്ടുപറമ്പിൽ ജോജി എന്ന വിക്ടറിന്റെ മകൾ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കൽ ഭാസ്കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്സ മാനുവൽ(55) എന്നിവരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെക്കൂടി കണ്ടെത്താനുണ്ട്. 43 വീടുകൾ പൂർണമായും തകർന്നു.
മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു (22), മകൻ ധ്രുവൻ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്കു 12-നു കിട്ടിയത്. മണ്ണിടിഞ്ഞ് മൂന്നാംദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ട ശരത്തിന്റെ അമ്മ സരോജിനി(50)ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വയനാട് പുത്തുമല പാടിയിലെ ശെൽവന്റെ ഭാര്യ റാണി(57)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. മഴ കുറവായിരുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടത്താനായി. ശനിയാഴ്ച ഒമ്പതുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇനി എട്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണു നിഗമനം. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് നാലുമണിയോടെ നിർത്തിവെച്ചു.
മലപ്പുറം നിലമ്പൂരിനു സമീപം വാണിയമ്പുഴയിൽ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിൽ കുടുങ്ങിയ ജീവനക്കാരാണിവർ. ഇവിടെ ഒരു ആദിവാസിക്കോളനിയിൽ 75-ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

