തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ സർക്കാർ സംരക്ഷണം. എംപിമാരും എംഎല്‍എമാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാന സർക്കാർ പിന്‍വലിച്ചു. 2020 സെപ്തംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തെ കോടതിയിൽ നിന്ന് മാത്രം 26 കേസുകളാണ് പിൻവലിച്ചത്. തളിപ്പറമ്പ് കോടതിയിൽ നിന്ന് അഞ്ചു കേസുകളും, കണ്ണൂരിൽ നിന്ന് നാലും, മാനന്തവാടിയിൽ നിന്ന് ഒരു കേസും പിൻവലിച്ചു.
എന്നാൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എംപി മാരും എംഎല്‍എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 170 കേസുകളുടെ വിചാരണയാണ് നിലവില്‍ പൂര്‍ത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരില്‍ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

