Sunday, June 16, 2024
spot_img

കേരളത്തിൽ ഇഗ്‌നോ മാതൃകയിൽ സർവകലാശാല: ക്ലാസ് ഓൺലൈൻ ആകും

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മാതൃകയിൽ കേരളം സ്വന്തമായി ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നു. സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകളെല്ലാം പുതിയ സർവകലാശാലയിൽ സംയോജിപ്പിക്കാനാണ് നീക്കം.

ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകളിൽ ഇനി വിദൂരവിദ്യാഭ്യാസ സെന്ററുകൾ ഉണ്ടാകില്ല. അടുത്ത അധ്യയനവർഷംമുതൽ ഇത്തരം കോഴ്‌സുകൾ ഓപ്പൺ സർവകലാശാലയിലേക്ക് കൊണ്ടുവരും. യു ജി സി അംഗീകാരത്തോടെയാകും ഓപ്പൺ സർവകലാശാല പ്രവർത്തിക്കുക. കോഴ്‌സുകൾക്ക് റെഗുലർ കോഴ്‌സുകൾപ്പോലെ മറ്റ് സർവകലാശാലകളുടെ അംഗീകാരമുണ്ടാകും.

ഇതുസംബന്ധിച്ച് നിർദേശം നൽകാൻ കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം ഇന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന് റിപ്പോർട്ട് നൽകും.

2017-ലെ യു ജി സി ചട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളും വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നിലവിലുള്ള സർവകലാശാലകളിൽനിന്ന് ഓപ്പൺ സർവകലാശാലകളിലേക്ക് മാറ്റാൻ നിർദേശമുണ്ടായിരുന്നു. രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ നിലവിലുണ്ട്.

വിവിധ സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ഒരുമിപ്പിക്കുന്നത് ഏകീകൃതസ്വഭാവം ഉണ്ടാക്കും. നിലവിൽ റെഗുലർ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ തമ്മിൽ സർട്ടിഫിക്കറ്റ് നോക്കിയാൽ തിരിച്ചറിയാനാകില്ല. പുതിയ സർവകലാശാല വരുന്നതോടെ ഇവ വേർതിരിച്ചറിയുന്നതിനും കഴിയും.

സർവകലാശാലയുടെ ആസ്ഥാനം എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. വിവിധ സർവകലാശാലകളിൽ നിലവിൽ വിദൂരവിദ്യാഭ്യാസ വകുപ്പും അധ്യാപകരുമുണ്ട്. ഈ സംവിധാനം ഓപ്പൺ സർവകലാശാലയുടെ ഭാഗമായി മാറും.

ഓപ്പൺ സർവകലാശാല നടത്തുന്ന കോഴ്‌സുകളിൽ അധ്യയനത്തിനായി സമ്പർക്ക ക്ലാസുകളാണ് വിഭാവനം ചെയ്യുന്നത്. നിലവിലുള്ള കോളേജുകൾ വിദ്യാർഥികൾക്ക് സഹായകേന്ദ്രങ്ങളായി പ്രവർത്തിക്കും. സർവകലാശാലാ ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കൽറ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രികൾ തയ്യാറാക്കുന്നതും ഫാക്കൽറ്റിയാകും.

ക്രെഡിറ്റ് സമ്പ്രദായത്തിലാകും കോഴ്‌സ് നടത്തുക. സമ്പർക്ക ക്ലാസുകൾക്കുപുറമേ ഓൺലൈനായുള്ള അധ്യയനവും ഓപ്പൺ സർവകലാശാല വിഭാവനം ചെയ്യുന്നു.

Related Articles

Latest Articles