Saturday, December 20, 2025

സ്വർണക്കടത്ത് കേസ്: റബിൻസ് ഹമീദ് തടങ്കലിൽ തന്നെ; ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) പ്രധാന പ്രതി റബിൻസ് ഹമീദ് കരുതൽ തടങ്കലിൽ തന്നെ തുടരും. റബിൻസിന്റെ ഭാര്യ ഫൗസിയ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് പ്രതിയുടെ പേരിലെ കൊഫെ പോസ തടങ്കൽ റദ്ദാക്കില്ലെന്ന് ഹൈക്കോടതി വിധിച്ചത്.

ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് തുടർച്ചയായി സ്വർണ്ണം കടത്താൻ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തിയാണ് റബിൻസ് കെ ഹമീദിനെതിരെ കൊഫെപോസ ചുമത്തിയത്. ഇൻറർപോളിന്റെ സഹായത്തോടെയാണ് ദുബായിലായിരുന്ന റബിൻസിനെ നാട്ടിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റംസും അറസ്റ്റ് ചെയ്യുകയും കൊഫെപോസ ചുമത്താൻ നടപടി സ്വീകരിക്കുകയുമായിരുന്നു.

അതേസമയം കഴിഞ്ഞ ഒരു വർഷക്കാലമായി റബിൻസ് കരുതൽ തടങ്കലിലാണ്. തുടർച്ചയായി സ്വർണം കടത്തിയതിന് തെളിവില്ലെന്നും, അതിനാൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫൗസിയ കോടതിയിൽ ഹർജി നൽകിയത്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്വർണം കടത്തുന്നതിന് നേതൃത്വം നൽകിയത് റബിൻസാണെന്നും, ഇതിനായി ഇയാൾ പണം മുടക്കിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന തെളിവുകളും കോടതിയ്‌ക്ക് കൈമാറിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.

Related Articles

Latest Articles