ദില്ലി: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് (Hindu Temple In Pakistan)ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കിയ നടപടി മരവിപ്പിച്ചു. ഇസ്ലാമാബാദിലെ ഭൂമിയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുവാദമാണ് ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) മരവിപ്പിച്ചത്. സെക്ടർ എച്ച്-9/2 വിലാണ് ക്ഷേത്രം നിർമ്മിക്കാനിരുന്നത്.
ക്ഷേത്രത്തിന് ഭൂമി കൈമാറാനുള്ള തീരുമാനം മരവിപ്പിച്ചതോടെ ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നേരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഈ വർഷം ഫെബ്രുവരിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി റദ്ദ് ചെയ്തത്. രാജ്യ തലസ്ഥാനത്തെ ഹരിത മേഖലകളിൽ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് ഫെഡറൽ കാബിനറ്റിന്റെ നിരോധനമുണ്ടെന്ന് കാണിച്ചാണ് അനുമതി റദ്ദാക്കിയത്.
സിഡിഎയുടെ അഭിഭാഷകൻ ഇസ്ലാമാബാദ് ഹൈക്കോടതിയെ ഈ വിവരം അറിയിച്ചിരുന്നു. എന്നാൽ നീക്കത്തിനെതിരെ ഹിന്ദു വിഭാഗത്തിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം നൽകാനും ക്ഷേത്രം നിർമ്മിക്കാനുമുള്ള ഉത്തരവ് പുനസ്ഥാപിച്ചത്. ക്ഷേത്രവും, കമ്മ്യൂണിറ്റി സെന്ററും, ശ്മശാനവും നിർമ്മിക്കുന്നതിനായാണ് സ്ഥലം അനുവദിച്ചത്.2016ലായിരുന്നു ഭൂമി കൈമാറുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചത്. മതകാര്യ മന്ത്രാലയവും ഇസ്ലാമാബാദ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായി ആലോചിച്ചാണ് ഭൂമി അനുവദിച്ചത്.

