Tuesday, December 30, 2025

52 സമുദായ സംഘടനകള്‍ അംഗങ്ങളായ പാർട്ടി എൻഡിഎയിലേക്ക്: തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിക്കു കൂടുതൽ ആത്‍മവിശ്വാസം

തിരുവനന്തപുരം: 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. ഇന്നലെ ദില്ലിയിലെത്തിയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സത്യേന്ദ്ര എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

നേരത്തെ വനിതാ മതിലുമായി ബന്ധപ്പെട്ട് വിഎസ്ഡിപി ഉള്‍പ്പടെയുള്ള സംഘടനകള്‍ സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. വിശ്വാസികള്‍ക്കൊപ്പമെന്ന ബിജെപി നിലപാടിനൊപ്പമായിരുന്നു സംഘടനയും. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറയുന്നത്.

പാലക്കാട്, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്ക് സ്വാധീനമുണ്ട്. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നാടാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുണ്ട്. നാടാര്‍ വിഭാഗത്തിന്റെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പിക്കാനായാല്‍ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Related Articles

Latest Articles