Saturday, April 20, 2024
spot_img

കേരളത്തിലെ കുട്ടികളിൽ വിളർച്ചയും വളർച്ചമുരടിപ്പും കൂടുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

കേരളത്തിലെ കുട്ടികളിലും സ്ത്രീകളിലും പോഷകാഹാരക്കുറവിനെത്തുടർന്നുള്ള വിളർച്ച കൂടുന്നു. 2019–20 ലെ കുടുംബാരോഗ്യ സർവേയിലാണ് ഈ കണ്ടെത്തൽ. മുൻ സർവേ (2015–16)യിൽ 35% പേർക്കായിരുന്നു വിളർച്ചയെങ്കിൽ പുതിയതിൽ 39.4% പേർക്കും വിളർച്ചയുണ്ട്.
2015–16 ലെ കുടുംബാരോഗ്യ സർവേ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനമാണു കേരളം. എങ്കിലും പോഷകാഹാരക്കുറവു വലിയ പ്രശ്നമാണെന്നു സർവേ സൂചിപ്പിക്കുന്നു. മതിയായ തൂക്കമില്ലാതെ ജനിക്കുന്നവർ, മുലപ്പാൽ ലഭിക്കാത്തവർ, 6 മാസം കഴിഞ്ഞിട്ടും കട്ടിആഹാരം ലഭിക്കാത്തവർ എന്നിവർക്കാണു വിളർച്ചയ്ക്കു സാധ്യത. ഇരുമ്പ് അംശമുള്ള ആഹാരം വേണ്ടത്ര ലഭിക്കുന്നില്ലെങ്കിലും വിരശല്യമുണ്ടെങ്കിലും വിളർച്ചയുണ്ടാകാം

മാറുന്ന ഭക്ഷണ രീതിയും വിളർച്ചയ്ക്കു കാരണമാകാമെന്നു ഇടുക്കി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം മേധാവിയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹിയുമായ ഡോ. മോഹൻദാസ് നായർ പറഞ്ഞു. മുലയൂട്ടൽ കുറയുന്നത്, ഭക്ഷണത്തിൽ നിന്ന് ഇറച്ചി, മീൻ തുടങ്ങിയവ കുറയുന്നത്, ഇലക്കറികൾ കുറയുന്നത് എന്നിവ കാരണമാണ്.

ജങ്ക് ഫുഡും ദഹനക്കേടും

കഴിഞ്ഞ 10 വർഷത്തിനിടെ ഉദരസംബന്ധമായ പ്രശ്നങ്ങൾ 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കൂടുന്നതായി കോഴിക്കോട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. മഞ്ജു സദാശിവൻ പറഞ്ഞു. നേരത്തേ ശ്വാസസംബന്ധമായ പ്രശ്നമായിരുന്നു കൂടുതൽ. ഇപ്പോൾ 50 ശതമാനത്തോളം ദഹനക്കേടുമായി ബന്ധപ്പെട്ടാണ് കുട്ടികളിലെ അസുഖങ്ങൾ. ജങ്ക്ഫുഡ് ഇതിൽ നല്ല പങ്കുവഹിക്കുന്നുണ്ടെന്നും ഡോ. മഞ്ജു പറയുന്നു. കൂടുതൽ മൈദ അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ വിശപ്പില്ലാതാക്കുകയും ചെയ്യും. ശരീരത്തിന് ഒരു ഗുണവും ചെയ്യാത്ത (എംപ്റ്റി കാലറി) ഭക്ഷണ പദാർഥങ്ങളും പാനീയങ്ങളും ചെറുപ്പം മുതൽക്കേ ശീലമാകുന്നുണ്ട്. അമ്മമാരിലും ഈ പ്രവണതയുള്ളതു കുട്ടികളെയും ബാധിക്കുന്നു.

കുട്ടികളിൽ വളർച്ച മുരടിപ്പ്

വിളർച്ചയ്ക്കൊപ്പം പോഷകാഹാരക്കുറവിനെ തുടർന്നുണ്ടാകുന്ന വളർച്ച മുരടിപ്പ് കേരളത്തിലെ കുട്ടികളിൽ കൂടുന്നതായും ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനൊത്ത ഉയരമില്ലാത്ത അവസ്ഥ 23.4% പേർക്കും ഭാരക്കുറവ് 15.8% പേർക്കുമുണ്ട്.

മുൻപ് ഇത് യഥാക്രമം 19.7%, 15.7% എന്നിങ്ങനെയായിരുന്നു. പൊതുവിൽ കുട്ടികളിൽ ഭാരക്കുറവിന്റെ പ്രശ്നം 19.7% ആണെങ്കിൽ 4% പേർ അമിത വണ്ണം കൊണ്ടു ബുദ്ധിമുട്ടുന്നു.

2015–16 ലെ സർവേയുമായുളള താരതമ്യത്തിൽ കേരളം അടക്കം 13 സംസ്ഥാനങ്ങളിൽ കുട്ടികളിലെ വളർച്ചമുരടിപ്പ് വർധിച്ചുവെന്നും സർവേ വ്യക്തമാക്കുന്നു.

100% മുലയൂട്ടൽ ഉറപ്പാക്കണം

2002 ൽ ലോകത്തിലെ ഏറ്റവും മികച്ച ശിശുസൗഹൃദ സംസ്ഥാനമായിരുന്ന കേരളത്തിൽ പിന്നീട് ഫലപ്രദമായ തുടർ നടപടികളുണ്ടായില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സംസ്ഥാന സർക്കാർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, യുണിസെഫ് എന്നിവ ചേർന്ന് ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ടെന്നു ഡോ. മോഹൻ ദാസ് നായർ പറഞ്ഞു. പ്രസവം നടക്കുന്ന ആശുപത്രികളിൽ ശിശു ജനിച്ച് ആദ്യ മണിക്കൂറിൽ തന്നെ 100% മുലയൂട്ടൽ ഉറപ്പാക്കാനുള്ള പരിശീലനം സ്റ്റാഫിനു നൽകുന്നുണ്ട്.

Related Articles

Latest Articles