Thursday, May 16, 2024
spot_img

കോഴിക്കോട് കടുത്ത ആശങ്കയിൽ; ഷിഗല്ലയുടെ കാര്യം എന്താകും?

കോഴിക്കോട് : കോവിഡ് ഭീതിയില്‍ നിന്ന്  മുക്തമാകുമ്പോള്‍ കോഴിക്കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തി എത്തിയിരിക്കുകയാണ് ഷിഗെല്ലാ വയറിളക്കം. കോഴിക്കോട് ഷിഗല്ല രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു. രണ്ട് ദിവസം മുമ്ബ് ഷിഗല്ല ബാധിച്ച്‌ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കോര്‍പ്പറേഷന്‍ പരിധിയില്‍ കോട്ടാംപറമ്ബ് മുണ്ടിക്കല്‍താഴത്താണ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച്‌ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗലക്ഷണങ്ങള്‍. ഇതില്‍ ഒമ്ബത് പേര്‍ കുട്ടികളാണ്. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവത്കരണം നല്‍കുകയും ചെയ്തു.
അങ്കണവാടികളിലും മറ്റും ഒ.ആര്‍.എസ് പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

സാധാരണ വയറിളക്കം വൈറസിലൂടെയാണ് ഉണ്ടാകുന്നതെങ്കില്‍ ഷിഗെല്ല ബാക്ടീരിയ വഴി ഉണ്ടാകുന്ന വയറിളക്കമാണ്. മലത്തോടൊപ്പം രക്തവും പുറത്തേക്ക് വരുന്നതു കൊണ്ടാണ്‌ ഇതിനെ ഡിസന്ററി എന്നു പറയുന്നത്. രക്തം പുറത്തേക്ക് വരുന്നതാണ് ഷിഗെല്ല രോഗത്തെ സാധാരണ വയറിളക്കത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കുടലിന് പുറത്തുള്ള ശ്ലേഷ്മസ്തരത്തിന് (Mucus Lining) പരിക്കേല്‍പിക്കാനുള്ള ശേഷി ഷിഗെല്ലാ ബാക്ടീരിയ പുറത്തു വിടുന്ന ഷിഗെല്ലാ ടോക്‌സിനുണ്ട്. ഈ വിഷം പുറത്തേക്ക് വിടുമ്പോള്‍ കുടലിന് പരിക്കേറ്റ് ഉള്ളിലുള്ള രക്തം കൂടി പുറത്ത് വരുന്നു. അതുകൊണ്ടാണ് രോഗം ബാധിക്കുന്നവരുടെ ആരോഗ്യം വളരെയധികം വഷളാവുന്നത്. 

ഷിഗെല്ല എങ്ങനെ പകരുന്നു? 

സാധാരണ വയറിളക്കം പോലെ തന്നെ വെള്ളത്തിലൂടെയാണ് ഷിഗെല്ലാ വയറിളക്കവും പകരുന്നത്. രോഗം ബാധിച്ചയാളുടെ വിസര്‍ജ്യത്തില്‍ നിന്നും വെള്ളത്തിലെത്തി, ആ വെള്ളം ഉപയോഗിക്കുന്നതിലൂടെയാണ് ബാക്ടീരിയ മറ്റൊരാളുടെ ശരീരത്തിലെത്തുന്നത്. ഫിക്കോ ഓറല്‍ റൂട്ട് എന്നാണ് ഇതിന് പറയുന്നത്. ഷിഗെല്ലാ ബാധിച്ചു കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ വളരെ പെട്ടന്ന് തന്നെ പ്രകടമാവും. ശക്തമായ വയറുവേദനയും വയറിളക്കവുമാണ് ഷിഗെല്ലയുടെ ആദ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മലത്തില്‍ കൂടി രക്തം കൂടി കാണപ്പെടുന്നു. പലപ്പോഴും ചിലരില്‍ അപൂര്‍വ്വമായി മൂത്രത്തിലും രകതം കാണപ്പെടാറുണ്ട്.

മറ്റ് വയറിളക്ക രോഗങ്ങള്‍ കുടലിന് പുറത്താണ് ഉണ്ടാവുക. കോളറ പോലും കുടലിന്റെ ഉള്ളില്‍ നിന്ന്‌  രാസവസ്തുക്കള്‍  ഉണ്ടാക്കിയാണ് വയറിളക്കത്തിന് കാരണമാകുന്നത്. കുടല്‍ തുളച്ച് അകത്തേക്ക് പ്രവേശിക്കുന്നില്ല. കോളറ ബാധിച്ചാല്‍ ദ്രാവക രൂപത്തിലാണ് മലം പുറന്തള്ളപ്പെടുന്നത്. എന്നാല്‍, ഷിഗെല്ലാ ശ്ലേഷ്മസ്തരം തകര്‍ന്ന് അകത്തുള്ള കോശങ്ങളില്‍  കയറി വിഭജിച്ച് കോശങ്ങളെ നശിപ്പിക്കുയാണ് ചെയ്യുന്നത്. മറ്റു വയറിളക്കത്തില്‍ നിന്ന് വ്യത്യസ്തമായി അതിശക്തമായ വയറുവേദനയാണ് ഷിഗെല്ല ബാധിച്ചാല്‍ അനുഭവപ്പെടുക. ഓരോ തവണ വയറിളകുമ്പോഴും അതിനനുസരിച്ച് ശക്തയായ വയറുവേദനയുണ്ടാകും. മലത്തിനൊപ്പം രക്തം പുറത്തുപോകല്‍, പനി, വയറിളക്കം, ചര്‍ദി, ഓക്കാനം, തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്. ശക്തമായ വയറുവേദനയും ഉണ്ടാവും. വയറിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ വരെ വേദനയുണ്ടാകും. എന്നാല്‍ തുടര്‍ച്ചയായ വേദനയുണ്ടാകില്ല. ശക്തമായ വയറുവേദനയ്ക്ക് ശേഷം വയറിളകുകയും പിന്നീട് അല്‍പസമയത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. തുടര്‍ന്ന്‌ പിന്നീട് വീണ്ടും അസഹ്യമായ വേദനിക്കും. 

ബാക്ടീരിയ കുടലിനുള്ളിലേക്ക്‌ തുളച്ച് കയറുന്നതു കൊണ്ടു തന്നെ ചികിത്സയും പ്രയാസകരമാണ്. ഷിഗെല്ലാ ബാക്ടീരിയ വഴി പകരുന്ന രോഗമായതു കൊണ്ട് ആദ്യഘട്ടത്തില്‍ കുറഞ്ഞ ഡോസുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്. അതേസമയം, ചില ബാക്ടീരിയകള്‍ക്ക് പ്രതിരോധക്ഷമതയുള്ളതായി കാണപ്പെടുന്നതു കൊണ്ട് കൂടിയ ആന്റിബയോട്ടിക്കുകളും നല്‍കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ക്ക് ശേഷം മലം പരിശോധയ്ക്ക് ശേഷമാണ് രോഗത്തിന്റെ ആഴം സ്ഥിരീകരിക്കുന്നത്. നിര്‍ജലീകരണമാണ് പ്രധാന മരണ കാരണം. ശരീരത്തില്‍ നിന്ന് വലിയ തോതില്‍ വെള്ളം നഷ്ടപ്പെടുക, ബാക്ടീരിയ കുടല്‍ തുളച്ച്‌ കയറുന്നത് കൊണ്ട് വെള്ളം കുടിക്കുമ്പോഴും ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിര്‍ജലീകരണമുള്ള രോഗികളെ അഡ്മിറ്റ് ചെയ്ത് അവരുടെ രക്തത്തിലേക്ക് നേരിട്ട് ഐ.വി.ഫ്ലൂയിഡ് കയറ്റുകയാണ് ചെയ്യുന്നത്.

തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകാനും ഉപയോഗിക്കുക, ശുചിമുറി ഉപയോഗിച്ചാല്‍ കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, രോഗം ബാധിച്ചവര്‍ ഉപയോഗിച്ച പാത്രങ്ങള്‍, ഗ്ലാസുകള്‍, സോപ്പ് തുടങ്ങി എല്ലാ സാധനങ്ങളും ഉപയോഗിക്കാതിരിക്കുക. മഴക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി വ്യാപിക്കുന്നത്. സെപ്റ്റിക്‌ ടാങ്കുകളിലെ മലിനജലം പുറത്തേക്ക് വരുന്നതിലൂടെ കിണറ്റിലെ വെള്ളവുമായി ചേര്‍ന്ന വൃത്തിയുള്ള വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടാകുന്നത്‌. ജലസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ രോഗസാധ്യത കൂടുതലാണ്.

Related Articles

Latest Articles