Sunday, September 20, 2026

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലും പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ ഇയാൾ രാജ്യം വിട്ടു എന്നതിൽ പോലീസ് സ്ഥിരീകരണം നിലവിൽ ലഭിച്ചിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.

പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് സമ്മതിച്ച രാഹുൽ പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നാണ് അവകാശപ്പെടുന്നത്.

തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നേരത്തെ പോലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സരിനെ സസ്പെൻഡ് ചെയ്തത്. സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി. നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.

Related Articles

Latest Articles