Saturday, May 4, 2024
spot_img

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം; ബഹളത്തിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു, സഭയ്ക്ക് പുറത്തേക്ക് പ്രതിഷേധം വ്യാപിപ്പിച്ച്‌ പ്രതിപക്ഷം! പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിടരുതെന്ന് സഭ ടിവിക്ക് നിർദ്ദേശം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. നിയമസഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്.

പ്രതിപക്ഷത്തിന്റെ ശബ്‌ദം അടിച്ചുതകര്‍ക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച്‌ തകര്‍ത്തത്. ഇതിന് നേതൃത്വം നല്‍കിയ മന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെ ഇതുവരെ പ്രതിയാക്കിയില്ല. കോടിയേരി പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്.

സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്‌ദം അടിച്ചുതകര്‍ക്കുകയാണ് ലക്ഷ്യം. ആസൂത്രിത സംഘര്‍ഷത്തിനുള്ള ശ്രമം നടന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മന്ത്രിമാരുള്‍പ്പടെ സഭയില്‍ വിളിച്ചു’- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം രാവിലെ തുടങ്ങിയത് തന്നെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടുകൂടിയായിരുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ടി സിദ്ദിഖാണ് നോട്ടീസ് നല്‍കിയത്.

കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളില്‍ പലരും സഭയില്‍ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടര്‍ന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു.

അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ തുടക്കത്തില്‍ വ്യക്തമാക്കി. ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. മാധ്യമങ്ങള്‍ക്ക് കടത്ത നിയന്ത്രണമാണ് സഭയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ട്.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുതുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സ്‌പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ നിര്‍ത്തിവച്ച സഭ അല്‍പ്പസമയത്തിന് ശേഷം പുനരാരംഭിച്ചിരുന്നു.
പിന്നാലെ പ്രതിഷേധം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിച്ചു വിടുകയായിരുന്നു.

Related Articles

Latest Articles