Sunday, June 2, 2024
spot_img

ഇനി എല്ലാം അങ്കതട്ടിൽ: കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ആത്മവിശ്വാസം ഉയർത്താൻ മുന്നണികൾ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുകയാണ്. കോവിഡ് മഹാമാരി ആവേശം കെടുത്താൻ സാധ്യതയുണ്ടെങ്കിലും പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് പാർട്ടികളെല്ലാം. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനോടകം തന്നെ വിവിധ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷയിൽ ആണ് ബിജെപി. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടത് വലത് മുന്നണികളിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നാം മുന്നണി അധികാരത്തിൽ എത്തണം എന്ന ജനവികാരം ഉടലെടുത്ത സാഹചര്യം തങ്ങൾക്ക് അനുകൂലമാകും എന്ന വിലയിരുത്തലിലാണ് ബിജെപി.

യുഡിഎഫിലെ പല മുന്നണികളുടെയും കൊഴിഞ്ഞുപോക്കും പാർട്ടിക്ക് ഉള്ളിലെ തന്നെ ഗ്രൂപ്പ് പോരും ഒക്കെ നിലനിൽക്കുമ്പോൾ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്ന വലിയ കടമ്പയെ വലതുപക്ഷം നേരിടാൻപോകുന്നത്. നിലവിൽ ഉള്ള പല സീറ്റുകളും നിലനിർത്തുക എന്നതും നേതൃത്വത്തിലെ പാളിച്ചകളും യുഡിഎഫിന് വലിയ വെല്ലുവിളിയാകും ഈ തെരഞ്ഞെടുപ്പിൽ.

പ്രളയ ഫണ്ട് തട്ടിപ്പിൽ തുടങ്ങി സ്വർണ്ണക്കടത്ത്, ലൈഫ്മിഷൻ അഴിമതി,കെ ഫോൺ അഴിമതി,നിയമനത്തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ്, പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധവും അറസ്റ്റും… അങ്ങനെ പോകുന്നു പറഞ്ഞാൽ തീരാത്ത പിണറായി സർക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നാലര വർഷത്തെ അഴിമതി കഥകൾ. നേട്ടങ്ങളെകാൾ കോട്ടങ്ങൾ മാത്രം കേരള ജനതക്ക് സമ്മാനിച്ച സർക്കാർ. പാർട്ടി അണികൾക്ക് പോലും സർക്കാരിൽഉള്ള വിശ്വാസം നഷ്ട്ടപെട്ട നിലയിലാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. എന്നാൽ പ്രതിസന്ധികൾക്കിടയിലും വലിയ നേട്ടമുണ്ടാക്കാൻ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ്.

അഞ്ച് മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും എന്നതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ അർത്ഥത്തിലും ഒരു സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അതിനപ്പുറം മുന്നണികളുടെ മുഖമായ പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ എന്നീ നേതാക്കൾക്കും അതിജീവനത്തിൻ്റെ കൂടി പോരാട്ടമാണ്.

അണികളേയും പാർട്ടിയേയും മുന്നണി ഘടകക്ഷികളേയും നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിന് ആവേശത്തോടെ ഇറക്കാൻ സെമി ഫൈനലിലെ വിജയം അനിവാര്യമാണ്. പരമാവധി ശക്തി തെളിയിക്കാനാണ് ഈ ഘട്ടത്തിൽ എല്ലാവരും ശ്രമിക്കുന്നത്. വന്‍വിവാദങ്ങളാണോ, അതോ നാട്ടിലെ കൊച്ച് കാര്യങ്ങളാണോ ജനത്തെ സ്വാധീനിക്കുന്നതെന്ന് കണ്ടറിയേണ്ട ദിവസങ്ങളാണ് ഇനി വരുന്നത്.

Related Articles

Latest Articles