Saturday, May 18, 2024
spot_img

അടിയന്തിര രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനമൊരുക്കാതെ വർഷങ്ങളായി മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നതായി പരാതി; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം; മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് തിരിച്ചോടിച്ച് മത്സ്യത്തൊഴിലാളികൾ!

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌തതിനെ തുടർന്ന് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. അപകടസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ ജനം തടഞ്ഞുവച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണിരാജുവും സന്ദർശനം നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം വൈകിയെന്നും നിരന്തരം അപകടം നടക്കുന്ന സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്നാണ് മന്ത്രിമാർ മടങ്ങിയത്. കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികൾ മന്ത്രിമാരോട് ചോദിച്ചു. നിരന്തരം അപകടം നടക്കുന്ന പ്രദേശമാണെങ്കിലും അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയത്.

എന്നാൽ മന്ത്രിമാർ ആരോപണം നിഷേധിച്ചു. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനു വേണ്ട ക്രമീകരണങ്ങൾ നടത്തി. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചതായും അവർ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നതെന്നും. സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു. നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Related Articles

Latest Articles