തിരുവനന്തപുരം: പോലീസിന്‍റെ ശ്വാനവിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം മരണമടഞ്ഞ തണ്ടര്‍ എന്ന പോലീസ് നായയ്ക്ക് അന്ത്യാഞ്ജലി. ഔദ്യോഗികബഹുമതികളോടെയായിരുന്നു അന്തിമചടങ്ങുകള്‍. തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ വിശ്രമജീവിതം നയിക്കവെയായിരുന്നു തണ്ടറിന്‍റെ അന്ത്യം. വിവിധ പോലീസ് വിഭാഗങ്ങള്‍ക്ക് വേണ്ടി തണ്ടറിന് റീത്തുകൾ സമർപ്പിച്ചു .
സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ കൊല്ലം ജില്ലയിലാണ് 2009ല്‍ തണ്ടര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അലക്കുകല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 15 ലിറ്റര്‍ ഗണ്‍പൗഡര്‍ പിടിച്ചെടുത്തത് തണ്ടറിന്‍റെ സേവനമികവിലാണ്. കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒരു വീട്ടില്‍ ഒളിപ്പിച്ചിരുന്ന ഗണ്‍ പൗഡര്‍ കണ്ടെത്തിയതും തണ്ടറിന്‍റെ നേതൃത്വത്തിലാണ്. 2011ല്‍ നടന്ന സ്റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റില്‍ തണ്ടര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൊല്ലം ജില്ലയിലെ വിവിധസുരക്ഷാ പരിശോധനകള്‍ക്ക് തണ്ടര്‍ അഭിഭാജ്യഘടകമായിരുന്നു.

