തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.
തെക്ക് കിഴക്കൻ അറബികടലിനും ലക്ഷദ്വീപിനും അടുത്തായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണം. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതേസമയം മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും, തീരമേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

