പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്ത് ഡാമുകൾ തുറന്ന് തുടങ്ങി. പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതിയിലെ കക്കി- ആനത്തോട് ഡാം തുറന്നു. രാവിലെ 11.00 മണിയോടെയാണ് ഡാം തുറന്നത്. ഡാമിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് തുറന്നത്. പമ്പ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കക്കി ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി 100 ക്യുമെക്സ് മുതൽ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് വിട്ടു. പുറത്തേക്ക് ഒഴുകുന്ന വെള്ളം പമ്പാനദിയിലൂടെ ഏകദേശം ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി – ആനത്തോട്.
2018 ല്‍ മുന്നറിയിപ്പ് ഇല്ലാതെ അണക്കെട്ട് തുറന്ന് വന്‍ ദുരന്തങ്ങളിലേക്കാണ് വഴിവെച്ചത്. മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പമ്പ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയായ 986.33 മീറ്ററിലേക്ക് എത്തിയതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 984.50 മീറ്റര്‍റിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ 983.5 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.

