Saturday, May 4, 2024
spot_img

ശബരിമല മണ്ഡല-മകരവിളക്ക് സുരക്ഷിത തീർത്ഥാടനം: പമ്പയിൽ പ്രത്യേക ഉന്നതതല യോഗം ഇന്ന്

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ (Sabarimala) സുരക്ഷിത തീർത്ഥാടനം ഉറപ്പുവരുത്തുന്നതിനായി മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പയിലാണ് യോഗം ചേരുന്നത്. രാവിലെ 10ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട , ഇടുക്കി കളക്ടർമാർ ,കെ എസ് ഇ ബി ചെയർമാൻ, കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യരിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. കോവിഡ്പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷിത തീർത്ഥാടനം ഉറപ്പുവരുത്തുമെന്ന് കളക്ടർ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ എത്തുന്നവർക്ക് ഇക്കൊല്ലത്തെ തീർത്ഥാടനകാലം സുരക്ഷിതവും സുഗമവും ആക്കി തീർക്കുന്നതിന് വിവിധ വകുപ്പുകൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായും എത്രയും വേഗം അവ പൂർത്തിയാക്കണമെന്നും കളക്ടർ ഇന്നലെ നിർദേശിച്ചിരുന്നു.

അപ്പം, അരവണ, മറ്റു പ്രസാദങ്ങൾ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. കുടിവെള്ള വിതരണത്തിനായി 25,000ൽ അധികം ബോട്ടിലുകൾ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യരും എക്‌സിക്യുട്ടീവ് എൻജിനിയർ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയിൽ സെക്യൂരിറ്റി ക്യാമറയെ മറയ്‌ക്കും വിധം മരച്ചില്ലകൾ വീണ് കിടപ്പുണ്ടെന്നും ഇവ വനംവകുപ്പ് വെട്ടി മാറ്റി നൽകണമെന്നും, നിലയ്‌ക്കൽ ബസ് ബേയിൽ തീർഥാടകർക്ക് കാത്തിരിപ്പ് സൗകര്യം കെഎസ്ആർടിസി സജ്ജമാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Latest Articles