തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ കനത്ത മഴയ്‌ക്ക് (Heavy Rain In Kerala) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് 12 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.
ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ കാറ്റിന് സാധ്യതയുളളതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
അതേസമയം മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണമായിട്ടുള്ളത്. ഇതിന്റെ ഫലമായി ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കും. ഞായറാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

