2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും . നാളെ വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. ഇന്നലെ രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയാണ് പുരസ്കാരങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അന്തിമ ജൂറിയിലെ അംഗങ്ങള്‍ പ്രാഥമികതലത്തിലെ രണ്ട് ജൂറികളുടെയും അദ്ധ്യക്ഷന്മാരും അന്തിമ ജൂറിയിലുണ്ടാവും
പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം, ബോക്സ് ഓഫീസിലും ചലനങ്ങൾ സൃഷ്‌ടിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ അന്തിമ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം

