തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. നിലവിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം തന്നെ ഇന്ന് യെല്ലോ അലർട്ടാണ്.
സംസ്ഥാനത്താകെ വ്യാപകമായി തന്നെ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും ഇന്ന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് ശക്തമായ മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികൾ യാതൊരുകാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

