Tuesday, May 14, 2024
spot_img

വൈറസില്‍ നിന്ന് വാക്സിനിലേക്ക്; കാത്തിരിപ്പുകള്‍ക്ക് വിരാമം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ ആരംഭിക്കും. കുത്തിവയ്പ്പിനായി 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം സജ്ജമായിട്ടുണ്ട്. ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. അതേസമയം സംസ്ഥാനത്തെത്തിയ 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ 9 വീതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവയ്പ്പ് നടക്കുക. വാക്‌സിനേഷന് സംസ്ഥാനം പൂര്‍ണ സജ്ജമെന്നും ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles