Monday, May 20, 2024
spot_img

അന്തരിച്ച യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്കാരം ഇന്ന്

കൊച്ചി: ഇന്നലെ അന്തരിച്ച യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സ്വദേശമായ നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിക്കായി ഷാനവാസിനെ എത്തിച്ചെങ്കിലും രാത്രി 10.20 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും സ്ഥിതി ഗുരുതരമാക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരുന്ന യുവ സംവിധായകനാണ് വിട വാങ്ങിയത്. കൊവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ സൂഫിയുടേയും സുജാതയുടേയും പ്രണയം പറഞ്ഞു പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ജാതീയതയെക്കുറിച്ച് പറഞ്ഞ കരി എന്ന ഷാനവാസിന്റെ ആദ്യചിത്രം നിരൂപകര്‍ക്കിടയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ തന്‍റെ മൂന്നാമത്തെ സിനിമയ്ക്കായുളള തിരക്കഥ എ‍ഴുതുന്നതിനിടെയാണ് ഹൃദയാഘാതം വില്ലൻ വേഷത്തിലെത്തിയത്.

നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് സംവിധായകൻ മരിച്ചതായുള്ള സ്ഥിരീകരണം ഇന്നലെ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ‘ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി…’ നടൻ വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഷാനുവിനായി ഞങ്ങൾ ഞങ്ങളുടെ മാക്സിമം പ്രയത്നിച്ചുവെന്നും വിജയ് ബാബു കുറിച്ചിരുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും വിജയ് ബാബു കുറിച്ചു.

Related Articles

Latest Articles