Tuesday, May 21, 2024
spot_img

മണ്ഡല പൂജയ്ക്കൊരുങ്ങി ശബരിമല: തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്ത്: ചടങ്ങുകളെല്ലാം പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ശബരിമല: മണ്ഡല പൂജക്കൊരുങ്ങി ശബരിമല. തങ്കയങ്കി ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. ശേഷം 26 ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തുക. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം മൂന്നോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിക്കും. വൈകിട്ട് 5.15 ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കിയെ ആചാര പൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികള്‍ വൈകിട്ട് അഞ്ചിന് അയ്യപ്പ സന്നിധിയില്‍ നിന്ന് ശരംകുത്തിയില്‍ എത്തും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസുവിന്റെ നേതൃത്വത്തിലാണ് തങ്കയങ്കി സ്വീകരിച്ച് ആനയിക്കുന്നത്.

ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് നട അടയ്ക്കും. 26ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജാ ഉത്സവത്തിനും സമാപനമാകും. അതേസമയം പൂര്‍ണമായും കൊവിഡ്- 19 പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related Articles

Latest Articles